Sunday, February 26, 2012

വേറിട്ട ജീവിതങ്ങള്‍...........


വേറിട്ട ജീവിതങ്ങള്‍...........
ഉമാദേവി
എല്ലാ നാട്ടിലും ഉള്ളതുപോലെ വേറിട്ട ജീവിതം നയിക്കുന്ന കുറേപ്പേര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്. കത്തിപ്പിടിച്ച ഉന്മാദത്തിന്റെ പിടിയിലുള്ള അവരുടെ ജീവിതത്തിന്റെ നിഴല്‍ച്ചിത്രങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഇതില്‍ പലരും മരണപ്പെട്ടു കഴിഞ്ഞു. പക്ഷെ ഓര്‍മ്മയുടെ തിരശ്ശീലയില്‍ അവരുടെ രൂപം അവ്യക്തമായി ഇപ്പോഴും നിറയുന്നുണ്ട്.
എന്റെ കുട്ടിക്കാലത്ത് കറുത്ത് മെലിഞ്ഞ ഒരാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പച്ച ലുങ്കിയും കളറുള്ള ബനിയനുമായിരിക്കും മിക്കപ്പോഴും വേഷം. ഉമാദേവിയെന്നാണ് പേര് പറഞ്ഞ് കേട്ടത്. അതയാളുടെ ശരിയായ പേരാണോ എന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രസകരമായ ഒരു കഥാപാത്രമാണ് ഉമാദേവി. ആരോടൊക്കെയോ ഉള്ള അരിശമാണ് ആ മനസ്സിലെപ്പോഴും. അവരെക്കുറിച്ചുള്ള പരാതികള്‍ ഉമാദേവിയ്ക്ക് അധികൃതരെ അറിയിക്കണം. പൊലീസിലൊന്നും താത്പര്യമില്ല. പട്ടാളക്കാര്‍ തന്നെ വരണം. അവരുടെ തോക്ക് കണ്ടാലേ വിദ്വാന്‍മാര്‍ പേടിക്കൂ എന്നാണ് ദേവിയുടെ പക്ഷം. ഏതെങ്കിലും ഒരാളെ തെറി പറഞ്ഞുകൊണ്ടായിരിക്കും വീട്ടിലേക്കുള്ള വരവ്. റോഡിലൂടെ നടന്നുപോവുമ്പോള്‍ കളിയാക്കിയതോ മറ്റോ ആയിരിക്കും കാരണം. വരാന്തയില്‍ കയറിയിരുന്നപാടെ ആദ്യം ആവശ്യപ്പെടുക ഫോണിനാണ്. പൗഡര്‍ ടിന്നോ, സോപ്പുംപെട്ടിയോ അങ്ങനെ എന്തും കൊടുത്താല്‍ മതി. അതിനെ ഉമാദേവി ചേട്ടന്‍ ഫോണാക്കിക്കൊള്ളും. പിന്നെ പട്ടാളക്കാരെ വിളിയാണ്. 'ഹലോ.... കടിപിടി പട്ടാളമല്ലേ... തെക്കേലെ കേശവന്‍ ആളാകെ പ്രശ്‌നക്കാരനാ....അവനെന്നെ ചീത്തപറഞ്ഞു.. ഹലോ ..... പറഞ്ഞത് കേട്ടില്ലേ.. നിങ്ങളുടെനെ എത്തണം.... എത്തിയില്ലെങ്കില്‍ അറിയാമല്ലോ... ഞാന്‍ ആക്ഷനെടുക്കും.....'
ഫോണ്‍ കട്ട് ചെയ്തശേഷം ഉമാദേവിയണ്ണന് ഒരു ചിരിയുണ്ട്.. കടിപിടി പട്ടാളം ഉടന്‍ എത്തുമെന്നും കേശവനെ സൂപ്പാക്കുമെന്നുമൊക്കെ പാവം വിശ്വസിക്കുന്നുണ്ടാവും...
വിളിക്കുന്ന പട്ടാളക്കാരുടെ പേരും രസകരമാണ്. കടിപിടി പട്ടാളം, സിംഹത്താന്‍ പട്ടാളം, പറക്കും പട്ടാളം, സൂപ്പര്‍ പട്ടാളം... അങ്ങനെ ഉമാദേവിയുടെ വാക്കുകളിലെ പട്ടാളത്തിന്റെ പേരുകള്‍ രസകരമാണ്...
തന്റെ ഭാര്യ ദുബായിലാണെന്നും അവള്‍ ധാരാളം പണവുമായി ഉടന്‍ എത്തുമെന്നുമൊക്കെ ഉമാദേവി പറഞ്ഞ് കേട്ടിട്ടുണ്ട്.. പക്ഷെ അതിനെപ്പറ്റിയൊന്നും എനിക്കിപ്പോഴും അറിയില്ല. പക്ഷെ കുട്ടിക്കാലത്ത് ഉമാദേവിയെത്താന്‍ ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു. പൗഡര്‍ ടിന്നുകളും അച്ഛന്‍ വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന ടോര്‍ച്ചുമെല്ലാം ഉമാദേവിയ്ക്ക് നല്‍കി ആ ഫോണ്‍ വിളിയ്ക്കായി ഞാന്‍ കാത്തിരുന്നു....
പിന്നീടെപ്പോഴോ ഉമാദേവിയുടെ വരവ് നിലച്ചു.. മരിച്ചെന്ന് ആരോ പറഞ്ഞ് കേട്ടു... എന്നാല്‍ ഇപ്പോളും ചെവിയില്‍ ആ ശബ്ദമുണ്ട്... 'ട്രിണീം.... ഹലോ... കടിപടി പട്ടാളമല്ലേ...'

കോയോട്ടിക്ക
കാലന്‍ കുട കക്ഷത്ത് വെച്ച് ഏന്തി വലിഞ്ഞ് കോയോട്ടിക്കായ്‌ക്കൊരു നടത്തമുണ്ട്. കോയോട്ടിക്കായെ കണ്ടാല്‍ ഉറപ്പിക്കാം. അടുത്തെവിടെയോ ഒരു കല്യാണമുണ്ട്. കല്യാണവീടുകള്‍ നോക്കി നടക്കുകയാണ് കോയോട്ടിക്ക. എവിടെ കല്ല്യാണമുണ്ടെങ്കിലും ക്ഷണിക്കാത്ത അതിഥിയായി കോയോട്ടിക്ക എത്തും. വീട്ടുകാരാവട്ടെ ആ സാന്നിധ്യം പ്രതീക്ഷിക്കുകയും ചെയ്യും. എവിടെയാണേലും എന്തസുഖമാണെങ്കിലും താലി ചാര്‍ത്തുന്നതിന് മുമ്പ് കോയോട്ടിക്ക നാട്ടിലുള്ള കല്യാണ വീടുകളിലെല്ലാം ഹാജരുണ്ടാവും.
വിവാഹം കഴിഞ്ഞാല്‍ അതിനെക്കുറിച്ച് കോയോട്ടിക്കയുടെ കമന്റുകളും കേട്ടിരിക്കാന്‍ രസമാണ്. 'നല്ല കല്യാണമായിരുന്നു.... സാമ്പാറിന് എന്താ ഒരു രുചി. പായസം വേണ്ടത്രെ നന്നായില്ല.. ല്ലേ.... എന്തായാലും കൂട്ടുകറി സൂപ്പറായി...'
ബിരിയാണിയും ചിക്കനുമൊന്നും കോയോട്ടിക്കയ്ക്ക് അത്ര ഇഷ്ടമില്ല. അതുകൊണ്ട് തന്നെ ഹിന്ദുക്കളുടെ കല്യാണത്തിന് പോകാനാണ് മൂപ്പര്‍ക്ക് താത്പര്യം. സാമ്പാറും ഉപ്പേരിയും പായസവുമൊക്കെ കൂട്ടിയുള്ള സദ്യ തന്നെയാണ് സൂപ്പറെന്നാണ് മൂപ്പരുടെ പക്ഷം.
ഏതെങ്കിലും കല്യാണവീട്ടില്‍ മൂപ്പരുടെ മുമ്പില്‍ ചെന്ന് പെട്ടാല്‍ ചിലപ്പോള്‍ പെട്ടത് തന്നെയാവും.. എന്റെയൊരു ബന്ധുവിന് അത്തരമൊരു അമളി പറ്റി. ഒരു കല്യാണ സദസ്സില്‍ വെച്ചാണ് അദ്ദേഹം കോയോട്ടിക്കാനെ കണ്ടത്. ഉടനെ ചിരിച്ചുകൊണ്ട് കോയോട്ടിക്ക അടുത്തേക്ക് വന്നു. നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കോയോട്ടിക്കാ ചോദിച്ചു
'അല്ല നായരെ ങ്ങള് ഇവിടെയും എത്തിയോ.... നല്ല കല്യാണാ.. ല്ലേ... അല്ല.. പനങ്ങാട് ഇന്നലെയൊരു കല്യാണമുണ്ടായിരുന്നല്ലോ.. ങ്ങള് പോയീനോ... നല്ല സദ്യയായിരുന്നു. നാളെ ബാലുശ്ശേരി ഒരു കല്യാണമുണ്ട്... ങ്ങള് അവിടെ ഉണ്ടാവ്വ്വോ.....'
എന്റെ ബന്ധു മറുപടിയൊന്നും പറയാനാവാതെ തലതാഴ്ത്തി നിന്നു. പാവം കോയോട്ടിക്ക മൂപ്പരെപ്പോലെ എല്ലാവരും എല്ലാ കല്യാണത്തിനും പോവുമെന്നാ ധരിച്ചുവെച്ചിരിക്കുന്നത്.
കോയോട്ടിക്ക എന്നത് അദ്ദേഹത്തിന്റെ ശരിയായ പേരാണോ എന്നെനിക്കറിയില്ല...പക്ഷെ അദ്ദേഹവും യാത്രയായി.... പക്ഷെ ഏതെങ്കിലും കല്യാണവീട്ടിലെത്തുമ്പോള്‍ ഇപ്പോഴും അറിയാതെ കോയോട്ടിക്കയെ തിരഞ്ഞുപോകും....

ചിത്രന്‍ നമ്പൂതിരി
കോയോട്ടിക്ക കല്ല്യാണ വീടുകള്‍ തേടിയലയുമ്പോള്‍ ചിത്രന്‍ നമ്പൂതിരിയ്ക്ക് മരണങ്ങളെ തേടാനാണ് ആഗ്രഹം. നാട്ടിലെവിടെയും ദുര്‍മരണങ്ങള്‍ ഉണ്ടായാല്‍ ചിത്രനവിടെ എത്തും. എത്ര അഴുകിയ ശവശരീരമാണെങ്കിലും അദ്ദേഹത്തിനൊരു പ്രശ്‌നവുമില്ല. ശവത്തിന്റെ ദുര്‍ഗന്ധം അദ്ദേഹം നെഞ്ചേറ്റും. തൂങ്ങി മരിച്ചവനെയും ആക്‌സിഡന്റില്‍ പെട്ടവനെയും മുങ്ങി മരിച്ചവനെയും  തേടി ചിത്രനെത്തും.. ഒരു നിയോഗം പോല..
എന്റെയൊക്കെ കുട്ടിക്കാലത്ത് ചിത്രന്‍ നമ്പൂതിരി നാട്ടിലെ ഏറ്റവും കുപ്രസിദ്ധനായ കള്ളനായിരുന്നു. ആ പേര് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ കുട്ടികളെല്ലാം ഭയന്നു വിറയ്ക്കും. കുട്ടികള്‍ മാത്രമല്ല.. നാടിന്റെ പേടി സ്വപ്നം തന്നെയായിരുന്നു ആ മനുഷ്യന്‍. നിരവധി കഥകളായിരുന്നു അദ്ദേഹത്തെപ്പറ്റി നാട്ടില്‍ പ്രചരിച്ചിരുന്നത്. ഏത് വീട്ടിലും അനായാസം കയറി മോഷണം നടത്തുന്ന വിരുതന്‍. ബാലുശ്ശേരി ചന്തയില്‍ നിന്ന് അതിരാവിലെ ആടിന്റെ പച്ചച്ചോര കുടിച്ച് ടൗണിലൂടെ ഓടുന്ന ഭീകരന്‍.. എത്ര പേരോടും ഒരേ സമയം ഏറ്റുമുട്ടാന്‍ കഴിയുന്ന വീരന്‍.... അങ്ങനെ പലതും....
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രന്‍ നമ്പൂതിരിയുമായി നേരിട്ട് പരിചയപ്പെടുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡ്യോക്യുമെന്ററിയുടെ ചിത്രീകരണസമയത്തായിരുന്നു അത്. ആ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നത്. വീടിനടുത്തുള്ള തൃക്കുറ്റിശ്ശേരി ശിവക്ഷേത്രത്തിരികിലാണ് ചിത്രന്‍ നമ്പൂതിരി താമസിക്കുന്നത്. പേരുകേട്ട മോഷ്ടാവായ ചിത്രന്‍ അതെല്ലാം നിര്‍ത്തി നല്ല ജീവിതത്തിലേക്ക് മടങ്ങാനും ഒരു കാരണമുണ്ട്.
ഒരിക്കല്‍ ചിത്രന്‍ മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ വിഗ്രഹവും മോഷ്ടിച്ച് കശുമാവിന്‍ തോട്ടത്തിലൂടെ ഓടുകയായിരുന്നു. അര്‍ദ്ധരാത്രി സമയം. പെട്ടന്ന് എന്തിനോ തലയടിച്ച് ചിത്രന്‍ കമഴ്ന്നു വീണു. എഴുന്നേറ്റ് ടോര്‍ച്ച് തെളിയിച്ച് നോക്കിയപ്പോള്‍ അറിഞ്ഞു തൂങ്ങി മരിച്ചു കിടക്കുന്ന ഒരാളുടെ കാലിലാണ് തല തട്ടിയതെന്ന്. മുതിര്‍ന്നതിന് ശേഷം ആദ്യമായി വല്ലാതെ ഭയന്ന നിമിഷം. ഒരു കൈയില്‍ ദൈവവും തലയ്ക്ക് മുകളില്‍ മരണവും.....  
മറ്റൊരിക്കല്‍ ചിത്രന്‍ ഗുരുവായൂരില്‍ നിന്ന് ബസ്സില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്ടന്ന് ബസ്സ് ബ്രേക്കിട്ടു. തൊട്ടു മുമ്പില്‍ പോയ ബസ്സിന് തീപ്പിടിച്ചിരിക്കുന്നു. ചിത്രന്‍ ഒന്നുമാലോചിച്ചില്ല.. തീപ്പിടിച്ച ബസ്സിലെ ആളുകളെ രക്ഷപ്പെടുത്താന്‍ അദ്ദേഹം രംഗത്തിറങ്ങി.  മനുഷ്യന്‍ പച്ചയ്ക്ക് കത്തിയ പൂക്കിപ്പറമ്പില്‍ കള്ളന്‍ ചിത്രന്റെ മറ്റൊരു മുഖം ലോകം കണ്ടു. ഈ രണ്ട് സംഭവത്തോടെ ചിത്രന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. കളവിന്റെ ലോകത്ത് നിന്നും മരണങ്ങളുടെ ലോകത്തേക്ക് അദ്ദേഹം വഴിമാറി നടന്നു.
എത്ര ചീഞ്ഞ ശവങ്ങളാണെങ്കിലും ചിത്രനൊരു പ്രശ്‌നവുമില്ല. ചീഞ്ഞ് പുഴു നുരയ്ക്കുന്ന ശവങ്ങളെപ്പോലും ഇദ്ദേഹം ചുമലിലേറ്റും. മരിച്ചയാളുടെ ബന്ധുക്കള്‍ പണക്കാരാണെങ്കില്‍ മനസ്സറിഞ്ഞ് വല്ലതും കൊടുത്താല്‍ ചിത്രന്‍ വാങ്ങും. ചിലപ്പോഴും പൊലീസുകാര്‍ വല്ലതും കൊടുക്കും. അല്‍പ്പം മദ്യം കിട്ടിയാല്‍ ചിത്രന് സന്തോഷമായി. മോഷണവുമായി നടന്ന പഴയ കാലത്തെയോര്‍ത്ത് ചിത്രന്‍ ഇപ്പോള്‍ ദുഖിക്കാറുണ്ട്. ഒരു കാലത്ത് പേടിസ്വപ്നമായിരുന്നെങ്കില്‍ ചിത്രന്‍ ഇന്ന് നാടിന്റെ പ്രിയപ്പെട്ടവനാണ്....
പ്രായം ഏറെയായി.. എന്നാലും മരണങ്ങളെത്തേടി ഇപ്പോഴും ചിത്രന്‍ പോവാറുണ്ട്.. അധിക കാലം തുടരാനാവില്ല എന്നറിയില്ല.. അപ്പോഴേക്കും മറ്റൊരാള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന് തന്നെ ഇദ്ദേഹം വിശ്വസിക്കുന്നു... മാറാല പിടിച്ച ചെറിയ വീടിന്റെ ഉമ്മറത്തെ കസേരയില്‍ ചിത്രന്‍ കാത്തിരിക്കുകയാണ്...മരണ അറിയിപ്പുമായി വരുന്ന ഒരാളെയും കാത്ത്..............

നാരായണന്‍
എം ജി ആറിന്റെ ഫോട്ടോ വെച്ച് പൂജിക്കുന്ന ഒരാളെ കുട്ടിക്കാലത്ത് പലയിടത്തും കാണാറുണ്ടായിരുന്നു.  പല ഭാവത്തിലുള്ള എം ജി ആറിന്റെ ഫോട്ടോകള്‍ക്ക് മുമ്പില്‍ ഭക്തിയോടെ അയാള്‍ നില്‍ക്കും. എന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ സംസാരിക്കില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത് പൂജ ദിവസങ്ങളില്‍ മൂപ്പര്‍ മൗനവ്രതത്തിലായിരിക്കും. എം ജി ആര്‍ ഭക്തനായ നാരായണനാണ് ഈ വിചിത്ര കഥാപാത്രം. എം ജി ആര്‍ മരിച്ചപ്പോള്‍ ആത്മഹത്യ ചെയ്യാനായി മരത്തില്‍ കയറിയ നാരായണനെ വല്ലവിധേനയും രക്ഷിക്കുകയായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഒരിക്കല്‍ അമ്പലക്കുളത്തില്‍ നാരായണന്റെ പ്രകടനം ഉണ്ടായിരുന്നു. വെള്ളത്തിന് മുകളില്‍ ഒരു ദിവസം മുഴുവന്‍ ശവാസനത്തില്‍ കിടക്കുന്ന നാരായണന്‍. എം ജി ആര്‍ പോയെങ്കിലും ആ ആരാധനയുടെ മൂര്‍ദ്ദന്യത്തില്‍ തന്നെയാണ് അദ്ദേഹം. മോഹന്‍ലാല്‍ സിനിമ കളിക്കുന്ന അപ്‌സര തിയേറ്ററില്‍ ചിത്രത്തിന്റെ വിജയത്തിനായി പൂജ നടത്തുന്ന നാരായണനെ അടുത്തിടെ കണ്ടു.
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്... പക്ഷെ നാരായണന് പ്രാര്‍ത്ഥനയ്ക്ക് ഒന്നല്ല ആയിരക്കണക്കിനാണ് കാരണങ്ങള്‍.. സൂര്യന് കീഴിലുള്ള എല്ലാറ്റിന് വേണ്ടിയും നാരായണന്‍ പ്രാര്‍ത്ഥന നടത്തും. ലോക സമാധാനത്തിനായി, വര്‍ഗ്ഗീയതയ്‌ക്കെതിരെ ഗുണ്ടാ വിളയാട്ടത്തിനെതിരെ..... നാരായണന്റെ പ്രാര്‍ത്ഥനായജ്ഞങ്ങളും മൗനവ്രതങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ബസ് സ്റ്റാന്റ് വിജയന്‍
ബാലുശ്ശേരി ബസ് സ്റ്റാന്റിലെ സജീവ സാന്നിധ്യമായിരുന്നു വിജയന്‍. ബസ്സ് പോകുന്ന സ്ഥലങ്ങളെപ്പറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് വൈകും വരെ വിജയന്‍ സ്റ്റാന്റിലുണ്ടാവും. ബസ്സുകാര്‍ കൊടുക്കുന്ന ചില്ലറ കൊണ്ട് ചിലവ് നടത്തും. അങ്ങനെ വിജയന്‍ ബസ് സ്റ്റാന്റ് വിജയനായി. ഏറെ രസകരമായ ഒരു കഥാപാത്രമാണ് വിജയന്‍.. വിളിച്ചാല്‍ തല താഴ്ത്തിപ്പോകുന്ന ഒരു വാക്ക് വിജയന്‍ ഏറെ പ്രിയപ്പെട്ടതാണ്. എല്ലാവരെയും ഈ വാക്ക് ഉപയോഗിച്ചാണ് വിജയന്‍ സംബോധന ചെയ്യുക.. 'ഹലോ.................എവിടേക്കാ.....'
വിജയന്റെ ചോദ്യം കേള്‍ക്കുമ്പോഴേക്കും ആളുകള്‍ തടിയും കൊണ്ട് രക്ഷപ്പെട്ടിരിക്കും.
ഒരിക്കല്‍ ഒരു അധ്യാപകന്‍ വിജയനെ ഒന്ന് സന്തോഷിപ്പിക്കാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. വിജയന്‍ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടു. മാഷ്‌ക്ക് ഏറെ സന്തോഷമായി. ഇനിയൊരിക്കലും വിജയന്‍ തന്നെ ആ പേര് ഉപയോഗിച്ച് സംബോധന ചെയ്യില്ലെന്ന് മാഷ് ആശ്വസിച്ചു.
ഭക്ഷണം കഴിച്ച് ഇരുവരും ഹോട്ടലിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്നു. 'ഹലോ വിജയാ... എവിടുന്ന് വര്വാ..'
ചിരിച്ചുകൊണ്ടുള്ള വിജയന്റെ മറുപടി ഉടന്‍ വന്നു-' ഈ.................മാഷ്  ചായ കുടിക്കാന്‍ വിളിച്ചു. നല്ല മനുഷ്യനാ.. ട്ടോ.. ചായയും പൊറോട്ടയും വാങ്ങിത്തന്നു.
തലകറങ്ങിപ്പോയ മാഷ് പിന്നെയൊരിക്കലും വിജയന്റെ മുമ്പില്‍ ചെന്ന് നിന്നിട്ടില്ല...

കക്കയത്ത് ഒരു ദിവസം


Friday, February 24, 2012

ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക്‌

ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക്......

ബാലുശ്ശേരിയില്‍ നിന്നും ഏറെ അകലെയല്ല കൊട്ടാരമുക്ക് എന്ന ഞങ്ങളുടെ ഗ്രാമം. നാടായ നാടൊക്കെ ഏറെ പുരോഗമിച്ചെങ്കിലും കൊട്ടാരമുക്ക് അങ്ങാടിയ്ക്ക് മാത്രം വലിയ വ്യത്യാസമൊന്നുമില്ല. ഏറെക്കുറേ എല്ലാം പഴയ പോലെതന്നെ... കാര്യങ്ങളെല്ലാം കുറച്ച് കൂടി മോശമായി എന്നേ പറയാനാവൂ... എന്തെങ്കിലും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ശശിയേട്ടന്റെ സൗഹൃദം സ്റ്റോഴ്‌സ് മാത്രമാണ് ആശ്രയം. അടുത്തുള്ള പഴയ കെട്ടിടത്തില്‍ ഇപ്പോള്‍ കച്ചവടങ്ങളൊന്നും നടക്കുന്നില്ല. പണ്ടിവിടെ സ്വാമിയുടെ ചായക്കടയും ബാലേട്ടന്റെ ബാര്‍ബര്‍ ഷോപ്പും ശശിയുടെ തുന്നല്‍ കടയും ഉണ്ടായിരുന്നു. ആ കെട്ടിടം എപ്പോള്‍ വീഴേണ്ടു എന്ന അവസ്ഥയിലാണ്... വൈകുന്നേരങ്ങളില്‍ ഇത്തിരി തണ്ണിയടിക്കാനും ശബരിമല സീസണില്‍ താമസിക്കാനുമൊക്കെ ഈ പഴയ കെട്ടിടം ഉപകരിക്കുന്നുണ്ട് എന്നത് മറക്കുന്നില്ല...
കൊയിലോത്തെ പറമ്പിലെ അമ്പലം ഇപ്പോള്‍ പുനരുദ്ധരിച്ചിട്ടുണ്ട്. കാട് പിടിച്ച് കിടന്ന ആ പ്രദേശത്ത് അതിന്റെ ഒരൈശ്വര്യം ഇപ്പോഴുണ്ട്. പണ്ട് ഇതിലൂടെ പോകാന്‍ തന്നെ പേടിയായിരുന്നെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. നാടിനെക്കുറിച്ചുള്ള പഴയ കഥകളൊന്നും എനിക്കധികം അറിയില്ല... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ സഖാവ് യു കുഞ്ഞിരാമനെപ്പോലുള്ളവര്‍ വന്ന കഥകളും നാട്ടിലേക്ക് ആദ്യമായി സി പി കുഞ്ഞിക്കൃഷ്ണന്‍ ഒരു ജീപ്പ് കൊണ്ടുവന്ന കഥയുമൊക്കെ ബാര്‍ബര്‍ നാരായണേട്ടന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പണ്ട് കൊയിലോത്തെ പറമ്പില്‍ ഒരു സ്വാമി വന്നിരുന്നത്രെ... അന്നത്തെ സ്വാമിമാര്‍ ഇന്നത്തെ വീരന്‍മാരെ പോലെയാണോ എന്ന് അറിയില്ല.. അടുത്തകാലത്ത് നാട്ടില്‍ മറ്റൊരു സ്വാമി പ്രത്യക്ഷപ്പെട്ടു. വെറും സ്വാമിയല്ല... ഒരവതാരം.. ചന്ദ്രന്‍മാമ....
പതുക്കെ പതുക്കെ പുള്ളിയൊരു സൂപ്പര്‍മാനായി മാറുകയായിരുന്നു. അന്യദേശങ്ങളില്‍ നിന്നുപോലും കാണാനെത്തുന്ന ആളുകള്‍.... സ്വാമിയെ കാണാന്‍ മണിക്കൂറുകളോളം നീളുന്ന ക്യൂ... ഹോ... എന്തൊക്കെയായിരുന്നു പുകില്... ഇതിനിടയ്ക്കാണ് സ്വാമിയുടെ കഷ്ടകാലത്തിന് ഏതോ സന്തോഷ് മാധവന്‍ സ്വാമി പിടിയിലാവുന്നത്.. അതോടെ കേരളം ഇളകി മറിഞ്ഞു. ആ മറിയലില്‍ നമ്മുടെ ചന്ദ്രന്‍മാമന്റെ കാര്യവും കഷ്ടത്തിലായി.... അടുത്ത് കാലത്ത് പൊങ്ങിയ എല്ലാ ദൈവങ്ങളെപ്പോലെ കഥാനായകന്റെ പത്തിയും താഴ്ന്നു...
പറഞ്ഞ് പറഞ്ഞ് കാട് കയറി....
കൊട്ടാരമുക്കെന്ന പേരുപോലെത്തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു കൊട്ടാരവും രാജാവുമൊക്കെ ഉണ്ടായിരുന്നു. രാജാവിനെയൊന്നും ഞാന്‍ കണ്ടിട്ടില്ല... പക്ഷെ കുട്ടിക്കാലത്ത് കൊട്ടാരം കണ്ടിട്ടുണ്ട്.. നാട്ടില്‍ ആദ്യമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടി വി വാങ്ങിയത് അവിടെയാണ്.. മഹാഭാരതം കാണാന്‍ ഞായറാഴ്ചകളില്‍ അവിടെ പോകാറുണ്ടായിരുന്നു... സ്വകാര്യ ചാനലുകള്‍ ഇല്ലാത്ത ആ കാലത്ത് ചിത്രഗീതവും ഞായറാഴ്ചത്തെ സിനിമയുമൊക്കെ കാണാന്‍ എത്രയാളുകളാ അവിടെ വന്നിരുന്നത്....
കൊട്ടാരത്തിന് പുറകില്‍ വലിയൊരു കശുമാവിന്‍ തോട്ടമായിരുന്നു... ഇന്നതൊന്നും ഇല്ല.. കൊട്ടാരം പൊളിച്ചു നീക്കി. കശുമാവിന്‍ തോട്ടത്തില്‍ ചകരിക്കമ്പനി വന്നു. എന്നാല്‍ കമ്പനിക്കെതിരെ ശക്തമായ ജനരോഷം ഇരമ്പിയപ്പോള്‍ കമ്പനി ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഒരു കെട്ടിടവും കുറേ മെഷീനുകളും അവിടെയുണ്ട്... കുറ്റം പറയരുതല്ലോ.. നല്ല സൗകര്യമുള്ള കെട്ടിടമാണ്.. വല്ലപ്പോഴും ഇത്തിരി സ്വസ്ഥമായിരുന്ന് കഴിക്കണമെങ്കില്‍ എല്ലാം കൊണ്ട് സൗകര്യമുണ്ട് അവിടെ...... (പൊലീസ് പരിശോധന കര്‍ശ്ശനമാണ് ഇപ്പോള്‍ അതുകൊണ്ട് നിയന്ത്രണങ്ങളും ഉണ്ട്).
വലിയ പേര് കേട്ട കലാകാരന്‍മാരൊന്നും ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല.. നാടകകൃത്ത് വര്‍മ്മ മാസ്റ്ററും അഭിനേതാവ് എന്‍ പി ബാലന്‍മാസ്റ്ററുമൊക്കെയാണ് ഞങ്ങളുടെ താരങ്ങള്‍.. വര്‍മ്മ മാസ്റ്ററുടെ പയ്യംവള്ളിചന്തുവില്‍ ബാലന്‍മാസ്റ്ററുടെ സൂപ്പര്‍ പ്രകടനം കുട്ടിക്കാലത്ത് കണ്ടതോര്‍ക്കുന്നു.. എത്രയോ നല്ല നാടകങ്ങള്‍ വര്‍മ്മ മാസ്റ്ററുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.. ജോസ് ചിറമ്മലിന്റെ അവസാന നാടകമായ ജ്ഞാനപീഠം ഉള്‍പ്പെടെയുള്ളവ മികച്ച രചനാഗുണത്താല്‍ സമ്പന്നമാണ്... ആറാമിന്ദ്രിയം, വിനീത വിധേയന്‍, പയ്യംവെള്ളി ചന്തു, ഇനിയും മരിക്കാത്ത രാമേട്ടന്‍, ഒരു പിടി വറ്റ്, ടിപ്പു സുല്‍ത്താന്‍... നാടകങ്ങളുടെ നിര നീളുന്നു... മാഷുടെ നാടകങ്ങളില്‍ എനിക്കേറ്റവും ഇഷ്ടമായത് ചെറിയൊരു നാടകമാണ്... മാന്യശ്രീ ചാത്തന്‍ എന്ന ആ നാടകം വാകയാട് അങ്ങാടിയില്‍ വെച്ചാണ് കണ്ടത്.. എന്തൊരു രസകരമായ നാടകമായിരുന്നു അത്... മാഷിപ്പോള്‍ സിനിമയ്ക്ക് തിരക്കഥ എഴുതുകയാണ്... നല്ലൊരു സിനിമ മാഷുടെ രചനയിലൂടെ പുറത്തിറങ്ങട്ടേയെന്ന് ആശംസിക്കുന്നു... കലാരംഗത്തേക്ക് പുതിയ ആളുകള്‍ വരുന്നുണ്ട്... ഗിരീഷ് വര്‍മ്മയും സതീഷ് ഗോപാലും അങ്ങനെ പലരും.. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.....
കൊട്ടാരമുക്കിനെപ്പറ്റി പറയുമ്പോള്‍ മേലിശ്ശേരി ബാലേട്ടനെപ്പറ്റി പറയാതെ കടന്നുപോകാനാവില്ല.. നാട്ടുകാരെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഞങ്ങളുടെ നാട്ടില്‍ വേറെയില്ല.. എവിടെ, ആര്‍ക്ക് എന്ത് സഹായങ്ങള്‍ വേണമെങ്കിലും അവിടെ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ടായിരുന്നു. വിവാഹ വീട്ടിലും മരണവീട്ടിലും സഹായ ഹസ്തവുമായി ഇദ്ദേഹമെത്തും... നന്മ നിറഞ്ഞ ആ ഓര്‍മ്മകള്‍ക്ക് മരണമില്ല.... ബാലേട്ടന്റെ പേരിലുള്ള സി പി എം ഓഫീസ് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലെങ്കിലും പഴയകാലത്തെ കൊട്ടാരമുക്ക് ജീവിതവും രസകരമായിരുന്നു. ബാലുശ്ശേരിയില്‍ പോയി ഒരു സിനിമ കാണുന്നതായിരുന്നു അന്നത്തെ വലിയ ആഘോഷം... കുടുംബമൊന്നായി പോയി ഒരു സിനിമ കാണുക എന്ന ഏര്‍പ്പാട് തന്നെ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ഇല്ല.. വാത്സല്യവും ഇന്ദ്രജാലവും പപ്പയുടെ സ്വന്തം അപ്പൂസുമെല്ലാം അങ്ങനെ കണ്ട സിനിമകളാണ്... ഇന്ന് ബാലുശ്ശേരിയിലേക്ക് യാത്രയ്ക്ക് ഒരു പ്രയാസവുമില്ല.. പക്ഷെ അന്നങ്ങനെയല്ലായിരുന്നു... ബാലുശ്ശേരി-കൂട്ടാലിട-നടുവണ്ണൂര്‍ റൂട്ടില്‍ ധാരാളം മിനി ബസ്സുകള്‍ ഇന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. പക്ഷെ എന്റെ കുട്ടിക്കാലത്ത് കൂരാച്ചുണ്ടില്‍ നിന്ന് വരുന്ന ബസ്സിനെ തന്നെ ആശ്രയിക്കേണ്ടി വരുമായിരുന്നു. അതാവട്ടെ ആളുകളെ കുത്തിനിറച്ച് ഏന്തി വലിഞ്ഞ് വരും. വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ശ്രീ സന്നിധിയ്ക്കും പ്രതാപിനുമെല്ലാം എവിടുന്നോ വല്ലാത്തൊരു ഊര്‍ജ്ജം കൈവരും... പിന്നെ ജീപ്പിന്റെ കൊമ്പത്ത് തൂങ്ങിപ്പോകുകയാണ് ഏക ആശ്രയം...
കുട്ടിക്കാലത്ത് കൂരാച്ചുണ്ടില്‍ നിന്ന് വരുന്ന ബസ്സില്‍ കയറാന്‍ തന്നെ പേടിയാണ്.. ഒരു തൊപ്പിക്കാരന്‍ കയരാറുണ്ട് ബസ്സില്‍. അയാളെ കാണുമ്പോഴേ പേടിയാവും.. അയാളുടെ ഉദ്ദേശം തന്നെ വേറെയാണ്.. തിരക്കില്‍ അയാളുടെ കൈകള്‍ നീണ്ടുവരും... സകല ദൈവത്തേയും വിളിച്ച് പ്രാര്‍ത്ഥിക്കും.. പക്ഷെ എട്ടാം ക്ലാസുകാരനായ കുട്ടിയുടെ വിലാപം ആര് കേള്‍ക്കാന്‍..... ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ചര്‍ച്ച പോലും ചെയ്യാത്ത കാലത്ത് ഇതെല്ലാം ആരോട് പറയാന്‍.... അതോടെ സ്‌കൂളിലേക്ക് ബസ്സില്‍ കയറുന്നത് നിര്‍ത്തി. ഇക്കാലത്ത് ഇത്തരം വേലകളുമായി ഇത്തരക്കാര്‍ ബസ്സുകളില്‍ കയറാറുണ്ടോ എന്നറിയില്ല... പക്ഷെ ഒന്നുമറിയാത്ത കുട്ടികള്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട്..... നിസ്സഹായരായ കുട്ടികളുടെ ദൈന്യതയാര്‍ന്ന മുഖത്ത് ഞാനെന്റെ കുട്ടിക്കാലം കാണുന്നു.............

Thursday, February 23, 2012

ഇത്തിരി നാട്ടുകാര്യം... (എന്റേയും..)

ഇത്തിരി നാട്ടുകാര്യം... (എന്റേയും..)
വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാത്തതാണ് എന്റെ നാട്.... മനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളോ വൈകുന്നേരങ്ങളെ ആഘോഷമാക്കാന്‍ വലിയ ബാറുകളോ ഒന്നും ഇവിടെയില്ല.
പക്ഷെ എവിടെപ്പോയാലും തിരിച്ചു വിളിക്കുന്ന എന്തോ വല്ലാത്തൊരു കാന്തിക ശക്തി ഈ മണ്ണിനുണ്ട്. വോളിബോളിനെയും നാടകങ്ങളെയും പ്രണയിക്കുന്ന നാട്ടുകാര്‍... അക്രമങ്ങളുടെ തുടര്‍ക്കഥകള്‍ ഇവിടെ ഉണ്ടാകാറില്ല... ബോംബുകളുടെയും കത്തികളുടെയും രാഷ്ട്രീയം ഇവിടെയില്ല... ഉണ്ടാകുന്ന ചെറിയ തീപ്പൊരികള്‍ വളരെ വേഗം കെട്ടുപോകുന്നുണ്ട്.. അങ്ങനെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സ്പര്‍ശമാണ് ബാലുശ്ശേരി പകരുന്നത്... ചുറ്റിലും മണക്കുന്ന ചോരയുടെ ഗന്ധങ്ങള്‍ അറിയുമ്പോള്‍ ഈ നാട് അങ്ങനെയൊന്നും മാറരുതേ എന്ന പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക്....
സഫലമായ കാവ്യ ജീവിതത്തിലൂടെ മലയാളി മനസ്സുകള്‍ നെഞ്ചേറ്റിയ എന്‍ എന്‍ കക്കാട് ജീവിച്ചിരുന്നത് ബാലുശ്ശേരിക്കടുത്തുള്ള അവിടനല്ലൂര്‍ ദേശത്താണ്... മംഗലശ്ശേരി നീലകണ്ഠനേയും പ്രാഞ്ചിയേട്ടനേയും നമുക്ക് സമ്മാനിച്ച രഞ്ജിത്ത് ജനിച്ച് വളര്‍ന്നത് ഇവിടെയടുത്ത് കരുമലയിലാണ്... പിന്നെയും പിന്നെയും ആര്‍ദ്രഗാനങ്ങളിലൂടെ മനസ്സിന്റെ പടികടന്നെത്തുന്ന ഗിരീഷ് പുത്തഞ്ചേരിയും ബാലുശ്ശേരിയില്‍ നിന്ന് അധികം ദൂരെ ആയിരുന്നില്ല...
കടലില്ല.. റെയില്‍വേ സ്റ്റേഷനില്ല.... വലിയ ഷോപ്പിംഗ് മാളുകളില്ല.... വൈകുന്നേരങ്ങളില്‍ സമയം ചെലവിടാന്‍ ഒരു നല്ല പാര്‍ക്ക് പോലും ഇവിടെയില്ല.... പക്ഷെ ബാലുശ്ശേരി ഒരിക്കലും മടുപ്പിച്ചിരുന്നില്ല.... ശീതീകരിച്ച ബാറില്ലാത്തതിനാല്‍ നേരെ കൈരളി റോഡിലേക്ക് ചെല്ലും. പൊളിച്ചു നീക്കപ്പെട്ട കൈരളി ടാക്കീസിനടുത്ത് ഒരു മദ്യഷോപ്പുണ്ട്... ഇന്നേ വരെ കേട്ടിട്ടില്ലാത്ത ബ്രാന്റുകളുടെ ആറാട്ടാവും അവിടെ... പേരുകേട്ട നല്ല മദ്യങ്ങളൊന്നും അവിടെയുണ്ടാവില്ല.. എല്ലാം ഡ്യൂപ്പാണെന്ന് നാട്ടിലെ പ്രമുഖ കുടിയന്‍മാര്‍ അടയാളപ്പെടുത്തുന്നു. എങ്കിലും ഞങ്ങള്‍ ബാലുശ്ശേരിക്കാര്‍ ഈ മദ്യഷാപ്പുകൊണ്ട് തൃപ്തരാകുന്നു.
പഴയ ഉദയ പാരലല്‍ കോളെജ് നിന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കള്ളു ഷോപ്പുണ്ട്. നല്ല വൃത്തിയുള്ള കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടം. ആരുടെയും ശല്യമില്ലാതെ നല്ല നാടന്‍ കള്ള് കുടിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. അവിടെ ചെന്നിരുന്ന് രണ്ട് കുപ്പി കഴിച്ചാല്‍ ഫ്‌ളാഷ്ബാക്കുകള്‍ ഓടിയെത്തും.. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ട്യൂഷന് പോയിരുന്ന പാരലല്‍ കോളെജ് നിന്ന സ്ഥലത്താണ് കള്ള് ഷോപ്പ്.... കള്ളിന്റെ ലഹരിയില്‍ പഴയ കാലമെല്ലാം ഓടിയെത്തും.... ഫീസടയ്ക്കാത്തതിന് നമ്പൂതിരി മാഷ് ചീത്ത പറയുന്നതും.. വര്‍മ്മ മാസ്റ്ററുടെ കണക്കിന്റെ മാധുര്യവും... അങ്ങനെ പലതും...
അനിയത്തിപ്രാവും മണിച്ചിത്രത്താഴും തലയണമന്ത്രവുമെല്ലാം കണ്ട കൈരളി ടാക്കീസ് ഇന്നില്ല... അതിന്റെ അസ്ഥികൂടം മാത്രം സിനിമാ പ്രേമികളെ വേദനിപ്പിച്ച് അവിടെ തന്നെ നില്‍ക്കുന്നുണ്ട്... പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പാത്തും പതുങ്ങിയും മൃദുലയും പാവം ക്രൂരനും ലയനവുമെല്ലാം കാണാന്‍ കയറിയ പ്രഭാത് ടാക്കീസും ഓര്‍മ്മയായി. പകരം ഐശ്വര്യ എന്നൊരു സിനിമാശാല ഉയര്‍ന്നു വന്നു. സന്ധ്യയും സന്തോഷുമാണ് മറ്റ് രണ്ട് തിയേറ്ററുകള്‍... പത്താം ക്ലാസിലെ പരീക്ഷയുടെ തലേന്ന് ഒരുക്കം എന്ന സിനിമ കാണാന്‍ പോയത് സന്തോഷിലാണ്... അതെല്ലാം പരീക്ഷ കഴിഞ്ഞപ്പോള്‍ അറിയാനുണ്ടായിരുന്നു. വല്ല വിധേനയും പാസ്സായി എന്ന് ആശ്വസിക്കാം... ലാലേട്ടന്റെ പല സൂപ്പര്‍ഹിറ്റുകളും കണ്ടത് സന്ധ്യയില്‍ വെച്ചാണ്... തേന്മാവിന്‍ കൊമ്പത്തും സ്ഥടികവും.. അങ്ങനെ പലതും...
കൈരളി റോഡില്‍ നിന്ന് വാങ്ങുന്ന മദ്യം അകത്താക്കാന്‍ ചില കേന്ദ്രങ്ങളുണ്ട്... വീടിനടുത്തുള്ള വയല്‍ക്കരയാണ് പ്രധാന കേന്ദ്രം... നല്ല കാറ്റേറ്റ് ഹണി ബീ അകത്താക്കുമ്പോഴുള്ള സുഖമുണ്ടല്ലോ... അത് പറഞ്ഞറിയിക്കാനാവില്ല... സുഖിച്ച് സുഖിച്ച് ഒരു നാള്‍ ചീട്ട് കീറി... ശരീരവേദനയും ഛര്‍ദ്ദിയുമൊന്നും നില്‍ക്കാതെ വന്നപ്പോഴാണ് ബ്ലോക്ക് റോഡിലെ ശങ്കരന്‍ ഡോക്ടറെ കാണാന്‍ പോയത്... ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു.. കരളിനെന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടത്രെ... ഇത്തോതില്‍ പോയാല്‍ വേഗമങ്ങ് പോകാമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കൈരളി റോഡിലേക്കും ഓര്‍മ്മകള്‍ പുതുക്കാന്‍ ഉദയാ കോളെജിലേക്കും പോവാതായി...... മദ്യത്തിനെതിരെ ബാലുശ്ശേരിയില്‍ ഉയര്‍ന്നു വരുന്ന വലിയൊരു പ്രക്ഷോഭത്തെ സ്വപ്നം കാണുകയാണ് ഞാന്‍.. യുവ തലമുറയെ നശിപ്പിക്കുന്ന മദ്യത്തിനെതിരെ എന്നാണ് ബാലുശ്ശേരിക്കാര്‍ക്ക് ബോധമുണ്ടാവുക... മദ്യത്തിനെതിരെ അരിക്കുളത്ത് നടന്നപോലെ വലിയൊരു ജനകീയ മുന്നേറ്റം ഇവിടെ വരില്ലേ... ആരോടുമുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല.... നമുക്ക് കിട്ടാത്തത് ആര്‍ക്കും വേണ്ട എന്ന അസൂയ മാത്രം..... പ്രലോഭനങ്ങള്‍ ശക്തമാണ്.... സ്വപ്നങ്ങളില്‍ ഇപ്പോഴും നുരയുന്ന മദ്യ ചഷകമാണ്.... കൈരളി റോഡിലേക്കുള്ള തിരിവില്‍ ഞാനിപ്പോഴും പകച്ച് നില്‍ക്കുകയാണ്................