ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക്......
ബാലുശ്ശേരിയില്‍ നിന്നും ഏറെ അകലെയല്ല കൊട്ടാരമുക്ക് എന്ന ഞങ്ങളുടെ ഗ്രാമം. നാടായ നാടൊക്കെ ഏറെ പുരോഗമിച്ചെങ്കിലും കൊട്ടാരമുക്ക് അങ്ങാടിയ്ക്ക് മാത്രം വലിയ വ്യത്യാസമൊന്നുമില്ല. ഏറെക്കുറേ എല്ലാം പഴയ പോലെതന്നെ... കാര്യങ്ങളെല്ലാം കുറച്ച് കൂടി മോശമായി എന്നേ പറയാനാവൂ... എന്തെങ്കിലും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ശശിയേട്ടന്റെ സൗഹൃദം സ്റ്റോഴ്‌സ് മാത്രമാണ് ആശ്രയം. അടുത്തുള്ള പഴയ കെട്ടിടത്തില്‍ ഇപ്പോള്‍ കച്ചവടങ്ങളൊന്നും നടക്കുന്നില്ല. പണ്ടിവിടെ സ്വാമിയുടെ ചായക്കടയും ബാലേട്ടന്റെ ബാര്‍ബര്‍ ഷോപ്പും ശശിയുടെ തുന്നല്‍ കടയും ഉണ്ടായിരുന്നു. ആ കെട്ടിടം എപ്പോള്‍ വീഴേണ്ടു എന്ന അവസ്ഥയിലാണ്... വൈകുന്നേരങ്ങളില്‍ ഇത്തിരി തണ്ണിയടിക്കാനും ശബരിമല സീസണില്‍ താമസിക്കാനുമൊക്കെ ഈ പഴയ കെട്ടിടം ഉപകരിക്കുന്നുണ്ട് എന്നത് മറക്കുന്നില്ല...
കൊയിലോത്തെ പറമ്പിലെ അമ്പലം ഇപ്പോള്‍ പുനരുദ്ധരിച്ചിട്ടുണ്ട്. കാട് പിടിച്ച് കിടന്ന ആ പ്രദേശത്ത് അതിന്റെ ഒരൈശ്വര്യം ഇപ്പോഴുണ്ട്. പണ്ട് ഇതിലൂടെ പോകാന്‍ തന്നെ പേടിയായിരുന്നെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. നാടിനെക്കുറിച്ചുള്ള പഴയ കഥകളൊന്നും എനിക്കധികം അറിയില്ല... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ സഖാവ് യു കുഞ്ഞിരാമനെപ്പോലുള്ളവര്‍ വന്ന കഥകളും നാട്ടിലേക്ക് ആദ്യമായി സി പി കുഞ്ഞിക്കൃഷ്ണന്‍ ഒരു ജീപ്പ് കൊണ്ടുവന്ന കഥയുമൊക്കെ ബാര്‍ബര്‍ നാരായണേട്ടന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പണ്ട് കൊയിലോത്തെ പറമ്പില്‍ ഒരു സ്വാമി വന്നിരുന്നത്രെ... അന്നത്തെ സ്വാമിമാര്‍ ഇന്നത്തെ വീരന്‍മാരെ പോലെയാണോ എന്ന് അറിയില്ല.. അടുത്തകാലത്ത് നാട്ടില്‍ മറ്റൊരു സ്വാമി പ്രത്യക്ഷപ്പെട്ടു. വെറും സ്വാമിയല്ല... ഒരവതാരം.. ചന്ദ്രന്‍മാമ....
പതുക്കെ പതുക്കെ പുള്ളിയൊരു സൂപ്പര്‍മാനായി മാറുകയായിരുന്നു. അന്യദേശങ്ങളില്‍ നിന്നുപോലും കാണാനെത്തുന്ന ആളുകള്‍.... സ്വാമിയെ കാണാന്‍ മണിക്കൂറുകളോളം നീളുന്ന ക്യൂ... ഹോ... എന്തൊക്കെയായിരുന്നു പുകില്... ഇതിനിടയ്ക്കാണ് സ്വാമിയുടെ കഷ്ടകാലത്തിന് ഏതോ സന്തോഷ് മാധവന്‍ സ്വാമി പിടിയിലാവുന്നത്.. അതോടെ കേരളം ഇളകി മറിഞ്ഞു. ആ മറിയലില്‍ നമ്മുടെ ചന്ദ്രന്‍മാമന്റെ കാര്യവും കഷ്ടത്തിലായി.... അടുത്ത് കാലത്ത് പൊങ്ങിയ എല്ലാ ദൈവങ്ങളെപ്പോലെ കഥാനായകന്റെ പത്തിയും താഴ്ന്നു...
പറഞ്ഞ് പറഞ്ഞ് കാട് കയറി....
കൊട്ടാരമുക്കെന്ന പേരുപോലെത്തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു കൊട്ടാരവും രാജാവുമൊക്കെ ഉണ്ടായിരുന്നു. രാജാവിനെയൊന്നും ഞാന്‍ കണ്ടിട്ടില്ല... പക്ഷെ കുട്ടിക്കാലത്ത് കൊട്ടാരം കണ്ടിട്ടുണ്ട്.. നാട്ടില്‍ ആദ്യമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടി വി വാങ്ങിയത് അവിടെയാണ്.. മഹാഭാരതം കാണാന്‍ ഞായറാഴ്ചകളില്‍ അവിടെ പോകാറുണ്ടായിരുന്നു... സ്വകാര്യ ചാനലുകള്‍ ഇല്ലാത്ത ആ കാലത്ത് ചിത്രഗീതവും ഞായറാഴ്ചത്തെ സിനിമയുമൊക്കെ കാണാന്‍ എത്രയാളുകളാ അവിടെ വന്നിരുന്നത്....
കൊട്ടാരത്തിന് പുറകില്‍ വലിയൊരു കശുമാവിന്‍ തോട്ടമായിരുന്നു... ഇന്നതൊന്നും ഇല്ല.. കൊട്ടാരം പൊളിച്ചു നീക്കി. കശുമാവിന്‍ തോട്ടത്തില്‍ ചകരിക്കമ്പനി വന്നു. എന്നാല്‍ കമ്പനിക്കെതിരെ ശക്തമായ ജനരോഷം ഇരമ്പിയപ്പോള്‍ കമ്പനി ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഒരു കെട്ടിടവും കുറേ മെഷീനുകളും അവിടെയുണ്ട്... കുറ്റം പറയരുതല്ലോ.. നല്ല സൗകര്യമുള്ള കെട്ടിടമാണ്.. വല്ലപ്പോഴും ഇത്തിരി സ്വസ്ഥമായിരുന്ന് കഴിക്കണമെങ്കില്‍ എല്ലാം കൊണ്ട് സൗകര്യമുണ്ട് അവിടെ...... (പൊലീസ് പരിശോധന കര്‍ശ്ശനമാണ് ഇപ്പോള്‍ അതുകൊണ്ട് നിയന്ത്രണങ്ങളും ഉണ്ട്).
വലിയ പേര് കേട്ട കലാകാരന്‍മാരൊന്നും ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല.. നാടകകൃത്ത് വര്‍മ്മ മാസ്റ്ററും അഭിനേതാവ് എന്‍ പി ബാലന്‍മാസ്റ്ററുമൊക്കെയാണ് ഞങ്ങളുടെ താരങ്ങള്‍.. വര്‍മ്മ മാസ്റ്ററുടെ പയ്യംവള്ളിചന്തുവില്‍ ബാലന്‍മാസ്റ്ററുടെ സൂപ്പര്‍ പ്രകടനം കുട്ടിക്കാലത്ത് കണ്ടതോര്‍ക്കുന്നു.. എത്രയോ നല്ല നാടകങ്ങള്‍ വര്‍മ്മ മാസ്റ്ററുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.. ജോസ് ചിറമ്മലിന്റെ അവസാന നാടകമായ ജ്ഞാനപീഠം ഉള്‍പ്പെടെയുള്ളവ മികച്ച രചനാഗുണത്താല്‍ സമ്പന്നമാണ്... ആറാമിന്ദ്രിയം, വിനീത വിധേയന്‍, പയ്യംവെള്ളി ചന്തു, ഇനിയും മരിക്കാത്ത രാമേട്ടന്‍, ഒരു പിടി വറ്റ്, ടിപ്പു സുല്‍ത്താന്‍... നാടകങ്ങളുടെ നിര നീളുന്നു... മാഷുടെ നാടകങ്ങളില്‍ എനിക്കേറ്റവും ഇഷ്ടമായത് ചെറിയൊരു നാടകമാണ്... മാന്യശ്രീ ചാത്തന്‍ എന്ന ആ നാടകം വാകയാട് അങ്ങാടിയില്‍ വെച്ചാണ് കണ്ടത്.. എന്തൊരു രസകരമായ നാടകമായിരുന്നു അത്... മാഷിപ്പോള്‍ സിനിമയ്ക്ക് തിരക്കഥ എഴുതുകയാണ്... നല്ലൊരു സിനിമ മാഷുടെ രചനയിലൂടെ പുറത്തിറങ്ങട്ടേയെന്ന് ആശംസിക്കുന്നു... കലാരംഗത്തേക്ക് പുതിയ ആളുകള്‍ വരുന്നുണ്ട്... ഗിരീഷ് വര്‍മ്മയും സതീഷ് ഗോപാലും അങ്ങനെ പലരും.. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.....
കൊട്ടാരമുക്കിനെപ്പറ്റി പറയുമ്പോള്‍ മേലിശ്ശേരി ബാലേട്ടനെപ്പറ്റി പറയാതെ കടന്നുപോകാനാവില്ല.. നാട്ടുകാരെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഞങ്ങളുടെ നാട്ടില്‍ വേറെയില്ല.. എവിടെ, ആര്‍ക്ക് എന്ത് സഹായങ്ങള്‍ വേണമെങ്കിലും അവിടെ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ടായിരുന്നു. വിവാഹ വീട്ടിലും മരണവീട്ടിലും സഹായ ഹസ്തവുമായി ഇദ്ദേഹമെത്തും... നന്മ നിറഞ്ഞ ആ ഓര്‍മ്മകള്‍ക്ക് മരണമില്ല.... ബാലേട്ടന്റെ പേരിലുള്ള സി പി എം ഓഫീസ് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലെങ്കിലും പഴയകാലത്തെ കൊട്ടാരമുക്ക് ജീവിതവും രസകരമായിരുന്നു. ബാലുശ്ശേരിയില്‍ പോയി ഒരു സിനിമ കാണുന്നതായിരുന്നു അന്നത്തെ വലിയ ആഘോഷം... കുടുംബമൊന്നായി പോയി ഒരു സിനിമ കാണുക എന്ന ഏര്‍പ്പാട് തന്നെ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ഇല്ല.. വാത്സല്യവും ഇന്ദ്രജാലവും പപ്പയുടെ സ്വന്തം അപ്പൂസുമെല്ലാം അങ്ങനെ കണ്ട സിനിമകളാണ്... ഇന്ന് ബാലുശ്ശേരിയിലേക്ക് യാത്രയ്ക്ക് ഒരു പ്രയാസവുമില്ല.. പക്ഷെ അന്നങ്ങനെയല്ലായിരുന്നു... ബാലുശ്ശേരി-കൂട്ടാലിട-നടുവണ്ണൂര്‍ റൂട്ടില്‍ ധാരാളം മിനി ബസ്സുകള്‍ ഇന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. പക്ഷെ എന്റെ കുട്ടിക്കാലത്ത് കൂരാച്ചുണ്ടില്‍ നിന്ന് വരുന്ന ബസ്സിനെ തന്നെ ആശ്രയിക്കേണ്ടി വരുമായിരുന്നു. അതാവട്ടെ ആളുകളെ കുത്തിനിറച്ച് ഏന്തി വലിഞ്ഞ് വരും. വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ശ്രീ സന്നിധിയ്ക്കും പ്രതാപിനുമെല്ലാം എവിടുന്നോ വല്ലാത്തൊരു ഊര്‍ജ്ജം കൈവരും... പിന്നെ ജീപ്പിന്റെ കൊമ്പത്ത് തൂങ്ങിപ്പോകുകയാണ് ഏക ആശ്രയം...
കുട്ടിക്കാലത്ത് കൂരാച്ചുണ്ടില്‍ നിന്ന് വരുന്ന ബസ്സില്‍ കയറാന്‍ തന്നെ പേടിയാണ്.. ഒരു തൊപ്പിക്കാരന്‍ കയരാറുണ്ട് ബസ്സില്‍. അയാളെ കാണുമ്പോഴേ പേടിയാവും.. അയാളുടെ ഉദ്ദേശം തന്നെ വേറെയാണ്.. തിരക്കില്‍ അയാളുടെ കൈകള്‍ നീണ്ടുവരും... സകല ദൈവത്തേയും വിളിച്ച് പ്രാര്‍ത്ഥിക്കും.. പക്ഷെ എട്ടാം ക്ലാസുകാരനായ കുട്ടിയുടെ വിലാപം ആര് കേള്‍ക്കാന്‍..... ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ചര്‍ച്ച പോലും ചെയ്യാത്ത കാലത്ത് ഇതെല്ലാം ആരോട് പറയാന്‍.... അതോടെ സ്‌കൂളിലേക്ക് ബസ്സില്‍ കയറുന്നത് നിര്‍ത്തി. ഇക്കാലത്ത് ഇത്തരം വേലകളുമായി ഇത്തരക്കാര്‍ ബസ്സുകളില്‍ കയറാറുണ്ടോ എന്നറിയില്ല... പക്ഷെ ഒന്നുമറിയാത്ത കുട്ടികള്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട്..... നിസ്സഹായരായ കുട്ടികളുടെ ദൈന്യതയാര്‍ന്ന മുഖത്ത് ഞാനെന്റെ കുട്ടിക്കാലം കാണുന്നു.............
Great machu.............
ReplyDeleteMadyam ellathilum kadannu varunnu.... Peru kelppikkan thanneyano Bhaavam? Bhasha Kollam...Iniyum poratte...
ReplyDeletenee vallatha paniya kanichath... ennenkilum munnil kittumallo..baki appol parayam jal
Deletejaljith
ReplyDelete